മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതു കൊണ്ടല്ല സൗബിനെ ജൂതനിലേക്ക് എടുത്തത് : ഭദ്രന്‍

എനിക്ക് ജൂതനിലെ നായകനാവാന്‍ സൗബിന് അപ്പുറം മറ്റൊരാള്‍ ഇല്ലെന്നു തോന്നി. സിനിമ തീരുമാനിക്കുമ്പോള്‍ പല മുഖങ്ങളും മനസ്സിലൂടെ വന്നുപോയെങ്കിലും അവര്‍ക്കാര്‍ക്കും ഇല്ലാത്ത ഹൈ വോള്‍ട്ടേജ് പൊട്ടന്‍ഷ്യല്‍ സൗബിനില്‍ എനിക്കു കണ്ടെത്താനായി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം കണ്ടപ്പോഴേ എനിക്ക് ഇഷ്ടമായതാണ് സൗബിനെ. അന്നേ തീരുമാനിച്ചതാണ്. അതിനു ശേഷമാണ് അദ്ദേഹത്തിനു സംസ്ഥാന അവാര്‍ഡൊക്കെ കിട്ടുന്നത്. അത് എടുത്തു പറയണം.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.

ഒരു സിനിമയെടുക്കാന്‍ വേണ്ടി നടന്നപ്പോള്‍ കിട്ടിയതല്ല ജൂതനെയെന്നും ഭദ്രന്‍ പറയുന്നു. ‘ഒരിക്കല്‍ വായനയ്ക്കിടയില്‍ ഒരു ലേഖനത്തില്‍ നിന്നു തുടങ്ങിയതാണ്. ആ ലേഖനമാണ് ചിത്രമായി വികസിച്ചത്. ഇ.ഓ അഥവാ ഇലാഹു കോഹന്‍ എന്ന വ്യക്തിയും ജെസീറ്റയും തമ്മിലുള്ള ബന്ധമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. ജെസീറ്റ ഒരു മനുഷ്യസ്ത്രീയല്ല.’ ഭദ്രന്‍ പറഞ്ഞു.

ചിത്രത്തില്‍ ജൂതന്റെ വേഷത്തിലാണ് സൗബിന്‍ എത്തുന്നത്. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിമ കല്ലിങ്കലാണ് നായിക. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ലോകനാഥന്‍ എസ്. ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതം, ബംഗ്ലാന്‍ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

Leave a Reply

Your email address will not be published. Required fields are marked *