പിറന്നാള്‍ ദിനത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും 50 ലക്ഷം വീതം നല്‍കി ആലിയ ബട്ട്

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ആലിയ ഭട്ട്… അടുത്തിടെ രൺബീർ കപൂറുമായുള്ള പ്രണയബന്ധവും അലിയയെ ബോളിവുഡിൽ നിറഞ്ഞ സാനിധ്യമാക്കി. ഇപ്പോഴിത വ്യത്യസ്തമായി തന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആലിയ ഭട്ട്. പിറന്നാള്‍ സന്തോഷത്തില്‍ തന്റെ ഡ്രൈവറിനും സഹായിക്കും വീടു വെയ്ക്കാന്‍ 50 ലക്ഷം രൂപ നല്‍കിയാണ് ആലിയ തന്‍റെ ആഘോഷം വ്യത്യസ്തമാക്കിയത്. ഡ്രൈവറായ സുനിലിനും സഹായി അന്‍മോള്‍ക്കുമാണ് ആലിയ തുക സമ്മാനിച്ചത്. ആലിയ നല്‍കിയ തുക കൊണ്ട് ഇരുവരും പുതിയ വീടുകള്‍ വാങ്ങിച്ചു.

ഈ മാസം 15 നാണ് ആലിയ തന്റെ 26-ാം ജന്മദിനം ആഘോഷിച്ചത്. കാമുകനായ രണ്‍ബീര്‍ കപൂര്‍, സുഹൃത്ത് കരണ്‍ ജോഹര്‍ എന്നിവര്‍ ചേര്‍ന്ന് ആലിയയുടെ ജന്മദിനം ആഘോഷമാക്കി. ആലിയയുടെ വസതിയിലായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. ആലിയയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കെടുത്തു. ഈ ചടങ്ങിലാണ് ആലിയ തന്‍റെ പ്രിയപ്പെട്ട ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചത്.

സിനിമാ കരിയറിന്റെ തുടക്കം മുതല്‍ ആലിയയ്‌ക്കൊപ്പമുള്ള ആളുകളാണ് ഡ്രൈവറായ സുനിലും സഹായി അന്‍മോളും. ആലിയയുടെ പിറന്നാള്‍ ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കറുപ്പുനിറത്തിലുള്ള മനോഹരമായ വസ്ത്രമാണ് ആലിയ ആഘോഷ വേളയില്‍ അണിഞ്ഞിരുന്നത്. കളങ്ക്, ബ്രഹ്മാസ്ത്ര്, സല്‍മാന്‍ ഖാനൊപ്പം ഇന്‍ഷാളളാ തുടങ്ങിയ വമ്പന്‍ പ്രോജക്ടുകളാണ് ആലിയയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

സംവിധായകനായ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളാണ് ആലിയ. കരൺജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലാണ് ആലിയ നായികയായി ആദ്യം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ആലിയക്ക് ഫിലിംഫെയറിന്റെ മികച്ച പുതുമുഖ അഭിനേതൃക്കുള്ള പുരസ്കാരം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *