ജൂണിനെ നിങ്ങളും അറിയുക, മനോഹരിയാണ് ജൂണ്‍ [റിവ്യൂ വായിക്കാം]

എന്താണ് ജൂൺ ഒറ്റവാക്കിൽ. പറഞ്ഞാൽ രജീഷ വിജയൻ എന്ന നടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം, കണ്ടിരുന്നാൽ കയ്യടിക്കാം നമ്മുടെയൊക്കെ ലോകം തന്നെയാണ് ഈ സിനിമ സമ്മാനിക്കുന്നത്.

സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങൾ ഇന്ന് നമ്മുടെ സിനിമയിൽ ഒരുപക്ഷേ അധികം ഉണ്ടാവാറില്ല പക്ഷെ അതിൽ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിക്കാറും ഉണ്ട്. താരനിർമ്മിതികൾക്കപ്പുറം നിന്ന് കൊണ്ട് പറയുന്ന കഥക്കും അവതരണ ശൈലിക്കും ലഭിക്കുന്ന പ്രാധാന്യമാണ് ഇത്തരം ചിത്രങ്ങളുടെ ശ്കതിയായി മാറുന്നത്. അത്തരത്തിൽ ഉള്ള ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്നായ ജൂൺ. നവാഗതനായ അഹമ്മദ് കബീർ തിരക്കഥയൊരുക്കി സംവിധാനം നിർവഹിച്ച ജൂൺ നിർമ്മിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ്. പ്രശസ്ത നടി രെജിഷാ വിജയൻ ടൈറ്റിൽ റോളിൽ എത്തുന്ന ഈ ചിത്രത്തിന്റെ രചനാ പങ്കാളികൾ ആയി ലിബിൻ വർഗീസ്, ജീവൻ ബേബി മാത്യു എന്നിവരും ഇതിൽ ജോലി ചെയ്തിട്ടുണ്ട്. പ്രേക്ഷകരിൽ ഏറെ പ്രതീക്ഷയുണർത്തിയ ഗാനങ്ങളും ട്രെയ്‌ലറും ആണ് ജൂൺ ടീം പുറത്തു വിട്ടിരുന്നത്.

രജിഷാ വിജയൻ അവതരിപ്പിക്കുന്ന ജൂൺ എന്ന പേരുള്ള പെൺകുട്ടിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. അവളുടെ ജീവിതത്തിലൂടെ നമ്മുടെ സമൂഹത്തിലെ ഓരോ പെകുട്ടിയുടെയും മനസ്സ് കാണാൻ ശ്രമിക്കുകയാണ് ഈ ചിത്രമെന്ന് പറയാം. ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെ സൗഹൃദം, പ്രണയം, വിവാഹം, കുടുംബം, സമൂഹം എന്നിവയെ നോക്കി കാണാൻ ആണ് ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നത്

നമ്മുക്ക് ചുറ്റുമുള്ള ലോകം നമ്മൾ കണ്ടുവരളർന്ന ലോകം വളരെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ഒരു ചിത്രമാണ് ജൂൺ . പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുന്ന എല്ലാ ചേരുവകളും തിരക്കഥയിൽ ഉൾപ്പെടുത്തിയതിന് ഒപ്പം തന്നെ പ്രേക്ഷകന് പുതുമ നൽകുന്ന രീതിയിലും കഥ പറയാൻ രചയിതാക്കളിൽ ഒരാൾ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും അഹമ്മദ് കബീറിന് സാധിച്ചിട്ടുണ്ട്. ഒരു പുതിയ സംവിധായകന്റെ അങ്കലാപ്പുകൾ ഒന്നും തന്നെയില്ലാതെ ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രചയിതാക്കൾ എന്ന നിലയിൽ ലിബിൻ വർഗീസ്, ജീവൻ ബേബി മാത്യു എന്നിവരും തങ്ങളുടെ ഭാഗം ഏറ്റവും മികച്ചതാക്കി. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ ഒരു മാനം നൽകാനും അത് വഴി കഥാ സന്ദർഭങ്ങളിലും കഥ സഞ്ചരിച്ച വഴികളിലും എല്ലാം ഇത് വരെ പ്രേക്ഷകൻ കാണാത്ത ഒരു പുതുമ കൊണ്ട് വരാനും സംവിധായകനും രചയിതാക്കൾക്കും സാധിച്ചിട്ടുണ്ട്. ആദ്യാവസാനം വളരെ രസകരമായി തന്നെ മുന്നോട്ടു നീങ്ങി എന്ന് പറയുന്നതിനൊപ്പം തന്നെ വൈകാരികമായി തീവ്രത പുലർത്തിയതും പ്രമേയത്തിന്റെ ആഴവും ഈ ചിത്രത്തിന് ഏറെ ഗുണം ചെയ്ത കാര്യമാണ്

ചിത്രത്തിലെ അഭിനേതാക്കാൾ എല്ലാവരും തങ്ങളുടെ വേഷങ്ങൾ എല്ലാവരും ഏറ്റവും ഭംഗിയാക്കിയിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തെ മനോഹരമാക്കിയത്. ജൂൺ ആയി അഭിനയിച്ച രജിഷാ വിജയൻ ഏറ്റവും അനായാസകരമായി തന്റെ വേഷം മികവുറ്റതാക്കിയപ്പോൾ ഈ ചിത്രം ഗംഭീരമായി. വളരെ രസകരമായും അതുപോലെ തന്നെ മനസ്സിനെ സ്പർശിക്കുന്ന രീതിയിലും കഥാപാത്രമായി മാറാൻ രെജിഷക്ക് കഴിഞ്ഞു. ശരീരഭാഷയിൽ പോലും പൂർണ്ണമായും കഥാപാത്രമായി മാറാൻ സാധിച്ച ഈ നടിക്ക് ഇതിലെ പ്രകടനം ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുക്കും എന്നുറപ്പാണ്. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി തന്നെ അവതരിപ്പിച്ചു. ജൂണിന്റെ അച്ഛനായി വന്ന ജോജു ജോർജ് ഒരിക്കൽ കൂടി തന്റെ സ്വാഭാവികാഭിനയം കൊണ്ട് ഞെട്ടിച്ചു. അത്ര മികവുറ്റ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. അശ്വതി മേനോൻ, സർജാനോ, അജു വർഗീസ്, അർജുൻ അശോകൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികച്ചതാക്കിയിട്ടുണ്ട്.

ജിതിൻ സ്റ്റാൻസ്ലൗസ് ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. അദ്ദേഹം നൽകിയ ദൃശ്യങ്ങൾ ചിത്രത്തിനെ കഥ പറയാൻ പറ്റിയ മികച്ച അന്തരീക്ഷം നിർമ്മിച്ച് നൽകിയപ്പോൾ അതുപോലെ തന്നെ ഇഫ്തി ഈണമിട്ട ഗാനങ്ങളും മനോഹരമായിരുന്നു. പശ്ചാത്തല സംഗീതവും മികച്ചു നിന്നതു ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു എന്ന് പറയാം .പ്രശസ്ത എഡിറ്റർ ലിജോ പോൾ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മികവാണ് ചിത്രത്തിന് മികച്ച ഒരു ഒഴുക്ക് ലഭിക്കുന്നതിൽ നിർണായകമായത് എന്ന് എടുത്തു പറയാം.
ചുരുക്കി പറഞ്ഞാൽ ജൂൺ എന്ന സിനിമ നമ്മളിൽ ഒരോർത്തരും കണ്ടിരിക്കണം കാരണം അത്രയ്ക്കു മനോഹാരമാണ് നമ്മുക്ക് ചുറ്റുമുള്ള ലോകത്തെ വെള്ളിത്തിരയിലേക്ക് പകർത്തിയിരിക്കുന്നത് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.

Leave a Reply

Your email address will not be published. Required fields are marked *