ലോകത്തിനുമപ്പുറമുള്ള അത്ഭുതം ആദ്യമായി മലയാളി പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞു ; 9 റിവ്യൂ വായിക്കാം !!!

റിലീസിന് മുൻപേ ഒരുപാട് ചർച്ചകൾക്ക് ശേഷം ഇന്ന് 9 (Nine) തീയേറ്ററുകളിൽ എത്തിയിരിക്കുന്നു. പൃഥ്വിരാജ് നായകനാവുന്ന ഒപ്പം നിർമാണം കൂടി നിർവഹിക്കുന്ന ജെനുസ് മുഹമ്മദ് ചിത്രം, സോണി പിക്ചേഴ്‌സ് ചെയ്യുന്ന ആദ്യ റീജിയണൽ സിനിമ, ഒപ്പം സയൻസ് ഫിക്ഷൻ വിഷയം കൈകാര്യം ചെയ്യുന്ന സിനിമ അങ്ങനെ പലതാണ് 9 എന്ന സിനിമയുടെ വിശേഷങ്ങൾ

വൈദ്യുതിയും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ഒരിടത്ത്‌ 9 ദിവസങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്‌. ആൽബർട്ട്‌ എന്ന ആസ്‌ട്രോഫിസിസിസ്റ്റ്‌ തന്റെ പ്രൊഫസറുടെ നിർദേശ പ്രകാരം ഹിമാലയത്തിലേക്ക്‌ പോകുന്നതും തുടർന്ന് 9 ദിവസം അവിടെ സംഭവിക്കുന്നതുമായ കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആൽബർട്‌ ആയി പൃഥ്വിരാജ്‌ വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്‌.
കുടുംബ ബന്ധത്തിന്റെ കഥ പറയുമ്പോൾ തന്നെ ഈ ഭൂമിക്ക് അതീതമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാം ഉൾപ്പെടുത്തികൊണ്ട് ഒട്ടും ആലോസരപ്പെടുത്താതെ സിനിമ ചെയ്ത ജെനുസ് മുഹമ്മദിനാണ് ആദ്യ കയ്യടി നൽകേണ്ടത്. ആദ്യാവസാനം നിഗൂഢതയും ത്രില്ലിംഗും നിലനിർത്തികൊണ്ട് മുന്നോട്ട് പോവുന്നതിൽ ചിത്രം വിജയിച്ചു എന്നു തന്നെ പറയാം.

വെളിച്ചസാനിധ്യമില്ലാത്ത സീനുകളും ഷോട്ടുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ബുദ്ധിമുട്ടേറിയ ഷോട്ട് ആയിരുന്നിട്ടു കൂടി അത്രമേൽ മനോഹരമാക്കാൻ അഭിനന്ദന്റെ കാമറ കണ്ണുകൾക്ക് സാധിച്ചിട്ടുണ്ട്. റെഡ് 5കെ ജെമിനിയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും അഭിനന്ദനും ഒപ്പം 9നും ഉണ്ട്. ആദ്യമേ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ലൗ സോങ് ഉൾപ്പടെ ചെയ്തത് ഷാൻ റഹ്മാൻ ആയിരുന്നു. മികച്ച രീതിയിൽ തന്റെ ജോലി നന്നാക്കാൻ ഷാൻ റഹ്മാന് സാധിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം നിർവഹിച്ചത് ശേഖർ മേനോൻ ആണ്. മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യം അല്ലെങ്കിലും ശേഖർ ചെയ്ത ബിജിഎം ചിത്രത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നു.

സിനിമ കഴിഞ്ഞിറങ്ങുമ്പോൾ മനസിൽ പൃഥ്വിക്കും മറ്റു കഥാപാത്രങ്ങൾക്കും പകരം അവർ സിനിമയിൽ അവർ ചെയ്ത കഥാപാത്രങ്ങൾ ആയിരിക്കും കാരണം അത്രയ്ക്കു ആഴത്തിൽ ആ കഥാപാത്രങ്ങൾ മനസ്സിൽ പതിയും. മംത, വാമിഖ, അലോക്, രാഹുൽ മാധവ്, പ്രകാശ് രാജ്, ഹക്ക എന്ന കഥാപാത്രം ചെയ്ത ഉദയ്‌ ചന്ദ്ര തുടങ്ങിയവരും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. അധികം ആരും തുരഞ്ഞെടുക്കാത്ത വിഷയം കൈകാര്യം ചെയ്യാനും നിർമിക്കാനും പൃഥ്വി കാണിച്ച ധൈര്യവും മലയാള സിനിമയെ വേറെ തലത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതും പ്രശംസനീയമാണ്.

സാങ്കേതികമായി 9 ഒരുപാട്‌ മുകളിൽ തന്നെയാണെന്ന് പറയാം. പല ലോക സിനിമകളോടും കിടപിടിക്കുന്ന തരത്തിലുള്ള മേകിംഗ്‌ ആണ് ചിത്രത്തിന്റെത്‌. ചിത്രത്തിന്റെ VFX പ്രത്യേക കയ്യടി അർഹിക്കുന്നുണ്ട്‌. ഒട്ടും മോശമല്ലാത്ത രീതിയിൽ തന്നെ വി.എഫ്‌.എക്സ്‌ ചെയ്യാൻ സാധിച്ചിട്ടുണ്ട്‌. ഒരു യൂണിവേഴ്സൽ തീമാണ് സിനിമ കൈകാര്യം ചെയ്യുന്നത് അതുകൊണ്ട് തന്നെ ഈ സിനിമ മലയാള സിനിമ പ്രേക്ഷകർക്ക് മാത്രംമല്ല എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മികച്ച സിനിമ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *