അമുദനായി നിറഞ്ഞാടി മമ്മൂട്ടി !! പ്രേക്ഷകരുടെ മനസ്സും കണ്ണും നിറച്ച് പേരൻപ് റിവ്യൂ വായിക്കാം

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദന്‍ എന്ന മമ്മൂട്ടി കഥാപാത്രം. പത്ത് വര്‍ഷത്തിലേറെയായി അയാള്‍ ഗള്‍ഫില്‍ ജോലി നോക്കുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍, മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം പോകുന്നത് അയാളുടെ ജീവിതത്തില്‍ കനത്ത തിരിച്ചടിയാകുന്നു. മകളുടെ സംരക്ഷണം പൂര്‍ണമായി അയാളില്‍ മാത്രം ഒരുങ്ങുന്ന സാഹചര്യമാണ് പിന്നീട് വന്നു ചേരുന്നത്. പാപ്പ എന്ന് എല്ലാവരും വിളിക്കുന്ന, ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന മകള്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സാഹചര്യത്തില്‍ ഒരേ ഒരു രക്ഷാകര്‍ത്താവ് എന്ന നിലയില്‍ അമുദന്‍ നേരിടുന്ന മാനസിക സംഘര്‍ഷമാണ് പേരന്‍പിന്റെ കഥാ തന്തു.അച്ഛന്റെയും മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ പന്ത്രണ്ട് അധ്യായങ്ങളായി പറഞ്ഞിരിക്കുകയാണ് റാം. ദേശീയ അവാര്‍ഡ് നേടിയ തങ്കമീന്‍കള്‍ സിനിമയിലുള്ളതിനേക്കാള്‍ വൈകാരിക മുഹൂര്‍ത്തങ്ങളാണ് പേരന്‍പില്‍ റാം അവതരിപ്പിച്ചിരിക്കുന്നത്.

പ്രകൃതിയുടെ വിവിധഭാവങ്ങളിലൂടെ സിനിമയെ കൊണ്ടുപോകുന്നതില്‍ സംവിധായകനൊപ്പം വലിയ പങ്കുവഹിച്ചിരിക്കുന്നത് തേനി ഈശ്വര്‍ എന്ന ഛായാഗ്രാഹകനാണ്. അധ്യായങ്ങള്‍ മാറുന്നതിനനുസരിച്ച് കഥ പറയുന്ന പശ്ചാത്തലവും ഭൂപ്രകൃതിയുമെല്ലാം മാറുമ്പോള്‍ സിനിമയുടെ താളത്തിന് കോട്ടം വരാതെ കൈകാര്യം ചെയ്യുന്നതില്‍ തേനി ഈശ്വര്‍ വിജയിച്ചു. കഥയുടെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന സംഗീതമൊരുക്കിയ യുവന്‍ ശങ്കര്‍ രാജയുടെ സംഭാവനയും സ്തുത്യര്‍ഹമാണ്. വളരെ വൈകാരിക തീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നട്ടെല്ല് അതിന്റെ ആഴവും പരപ്പുമുള്ള തിരക്കഥ തന്നെയാണ്. ജീവനുള്ള കഥാപാത്രങ്ങളും ജീവിതം കാണിച്ചു തരുന്ന കഥാ സന്ദർഭങ്ങളും നിറഞ്ഞ ഈ ചിത്രം ഏറ്റവും റിയലിസ്റ്റിക് ആയി തന്നെയാണ് റാം അവതരിപ്പിച്ചിരിക്കുന്നത്. മനസ്സിൽ തൊടുന്ന സംഭാഷണങ്ങളും അതുപോലെ തന്നെ ദൃശ്യവൽക്കരണവും ഈ ചിത്രത്തിന്റെ ശ്കതിയാണ്. ഒരു ക്ലാസിക് തന്നെയാണ് റാം എന്ന പ്രതിഭ ഒരുക്കിയിരിക്കുന്നതെന്ന് സംശയമൊന്നുമില്ലാതെ തന്നെ പറയാൻ സാധിക്കും.

അമുദവൻ ആയുള്ള മമ്മൂട്ടിയുടെ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ഒരിക്കൽ കൂടി ഈ മഹാനടൻ തിരശീലയിൽ കഥാപാത്രമായി ജീവിച്ചു കാണിച്ചു തന്നു. ഓരോ ചലനത്തിലും അമുദവൻ ആയി മാറിയ അദ്ദേഹം മൗനം കൊണ്ട് പോലും പ്രേക്ഷകരുടെ മനസ്സുകളോട് സംസാരിച്ചു. ശരീര ഭാഷ കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും അദ്ദേഹം പ്രേക്ഷകരുടെ കണ്ണ് നനയിച്ചു. മമ്മൂട്ടിയെ പോലെ തന്നെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മകളുടെ വേഷത്തിൽ എത്തിയ സാധനയും കാഴ്ച വെച്ചത്. അത്ര ഗംഭീരമായിരുന്നു ഈ നടിയുടെ കഥാപാത്രമായുള്ള പരകായ പ്രവേശം. അഞ്ജലിയും അഞ്ജലി അമീറും മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനേതാക്കളും മികച്ച പ്രകടനം തന്നെ നൽകി.തേനി ഈശ്വർ ഒരുക്കിയ ദൃശ്യങ്ങൾ മനോഹരമായിരുന്നു എന്നതിനൊപ്പം തന്നെ ചിത്രത്തിലെ വൈകാരിക തീവ്രമായ അന്തരീക്ഷം വളരെ വേഗം തന്നെ പ്രേക്ഷകന്റെ മനസ്സുമായി ബന്ധിപ്പിക്കുകയും ചെയ്തു. യുവാൻ ശങ്കർ രാജ ഒരുക്കിയ ഗാനങ്ങളും അതുപോലെ തന്നെ പശ്ചാത്തല സംഗീതവും ഗംഭീരമായിരുന്നു എന്ന് തന്നെ പറയണം. സൂര്യ പ്രഥമൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രം ആവശ്യപ്പെട്ട ഒഴുക്ക് പ്രദാനം ചെയ്യാൻ അദ്ദേഹത്തിനായി

മമ്മൂട്ടിയുടേയും റാമിന്റെയും സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് പേരന്പ്. ഒരിക്കലും നഷ്ട്ടപെടുത്തരുത് എന്ന് പറയാവുന്ന സിനിമാനുഭവങ്ങളിൽ പെടുത്താവുന്ന ഒരു ചിത്രമാണ് ഇതെന്ന് മാത്രമല്ല നിങ്ങളെ ഈ ചിത്രം ഒരുപാട് സ്വാധീനിക്കുകയും ചെയ്യുമെന്നുറപ്പ്..

Leave a Reply

Your email address will not be published. Required fields are marked *