റൊമാൻറ്റിക്ക് ഹീറോയിൽ നിന്ന് കട്ട കലിപ്പ് മാസ്സ് പരിവേഷം അള്ള് രാമേന്ദ്രനായി നിറഞ്ഞാടി കുഞ്ചാക്കോ ബോബൻ !! അള്ള് രാമേന്ദ്രൻ റിവ്യൂ വായിക്കാം

ഒരു അള്ളിന് പിന്നിലെ നർമ്മങ്ങളും മാസുമെല്ലാം കൂട്ടിച്ചേർത്ത് ബിലഹരി ഒരുക്കിയിരിക്കുന്ന ചിത്രമാണ് അള്ള് രാമേന്ദ്രൻ. ചാക്കോച്ചന്റെ ഇന്നോളം മലയാളികൾ കണ്ടിട്ടില്ലാത്ത ഒരു ഗെറ്റപ്പാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് ഹീറോ ഇമേജ് ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ചാക്കോച്ചൻ തന്റെ പുതുവർഷം അല്പം മാസ്സായി തുടക്കമിട്ടപ്പോൾ അത് പ്രേക്ഷകർക്കും ഒരു മനസ്സ് നിറക്കുന്ന കാഴ്‌ചയായി.

പോലീസിൽ ഡ്രൈവറായി ജോലി ചെയ്യുന്ന രാമേന്ദ്രന് താൻ ഓടിക്കുന്ന വണ്ടി എന്നും പഞ്ചർ ആകുന്നത് എങ്ങനെയെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. സ്ഥിരം പഞ്ചർ ആകുന്നത് കൊണ്ട് നാട്ടുകാർ അയാൾക്ക് ഇട്ടുകൊടുത്ത പേരാണ് അള്ള് രാമേന്ദ്രൻ. ആ പേര് അയാളെ വലത്തേ അലോസരപ്പെടുത്തുന്നുണ്ട്. ആ പേരിന് പിന്നാലെയാണ് പിന്നീടുള്ള രാമേന്ദ്രന്റെ യാത്ര. അത് കൂടുതൽ സങ്കീർണമായ സംഭവങ്ങളിലേക്ക് കഥയെ കൊണ്ട് ചെന്നെത്തിക്കുന്നതാണ് അള്ള് രാമേന്ദ്രന്റെ ഇതിവൃത്തം.

വളരെ രസകരമായ ഒരു ചിത്രമാണ് ബിലഹരി കെ രാജ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത് എന്ന് പറയാം. ചിത്രത്തിന്റെ ടീസർ, ഗാനങ്ങൾ എന്നിവ കണ്ടു തീയേറ്ററിലേക്ക് ചെല്ലുന്ന പ്രേക്ഷകർ എന്താണോ അതിൽ നിന്ന് പ്രതീക്ഷിക്കുന്നത്, അതെല്ലാം അവർക്കു നൽകുന്ന ഒരു കിടിലൻ എന്റെർറ്റൈനെർ ആയാണ് അണിയറ പ്രവർത്തകർ അള്ളു രാമേന്ദ്രനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. എല്ലാ വിനോദ ഘടകങ്ങളും ഏറ്റവും നല്ല രീതിയിൽ കോർത്തിണക്കിയ ഒരു തിരക്കഥ സജിൻ ചെറുക്കയിൽ, വിനീത് വാസുദേവൻ എന്നിവർ ചേർന്ന് ഒരുക്കിയപ്പോൾ, ആ തിരക്കഥക്കു അതിലും രസകരമായ രീതിയിൽ, പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന രീതിയിലാണ് ബിലഹരി ദൃശ്യ ഭാഷ ചമച്ചതു. പൊട്ടിച്ചിരിപ്പിക്കുന്ന തമാശ രംഗങ്ങളും അതുപോലെ ആവേശം നിറക്കുന്ന കഥാ സന്ദർഭങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാണ്. ഒരു പക്കാ എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം യുവാക്കളെയും കുടുംബങ്ങളെയും കുട്ടികളെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്ന ഒരു ഫൺ റൈഡ് ആണെന്ന് പറയാം നമ്മുക്ക്. കഥാ സന്ദർഭങ്ങളിൽ കൊണ്ട് വന്ന പുതുമയും അതുപോലെ തന്നെ കഥ പറഞ്ഞ രീതിയും ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു എന്നും പറയാം. ബിലഹരി എന്ന സംവിധായകന്റെ കയ്യടക്കവും നിയന്ത്രണവുമാണ് ഈ ചിത്രത്തെ ഏറ്റവും മനോഹരമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചുട്ടുള്ളത്.

അള്ളു രാമേന്ദ്രൻ ആയുള്ള കുഞ്ചാക്കോ ബോബന്റെ രസകരമായ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വ്യത്യസ്ത ലൂക്കും ശരീര ഭാഷയുമായി കുഞ്ചാക്കോ ബോബൻ എന്ന നടൻ തകർത്താടി രാമേന്ദ്രനായി എന്ന് ഒരു സംശയവുമില്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും. നായികാ വേഷങ്ങൾ ചെയ്ത അപർണ്ണയും ചാന്ദിനി ശ്രീധരനും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടി. അതുപോലെ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച മറ്റൊരു നടനാണ് കൃഷ്ണ ശങ്കർ. വളരെ സ്വാഭാവികമായി അഭിനയിച്ച കൃഷ്ണ ശങ്കർ തന്റെ മിന്നുന്ന പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടി വാരി കൂട്ടിയപ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച, ശ്രീനാഥ് ഭാസി, ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സലിം കുമാർ, അൽതാഫ്, കൊച്ചു പ്രേമൻ, എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.

കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു പക്കാ എന്റർടൈനർ തന്നെയാണ് അള്ള് രാമേന്ദ്രൻ. കോമഡി, റൊമാൻസ്, ആക്ഷൻ, സസ്‌പെൻസ്, മാസ്സ് എന്നിങ്ങനെ എല്ലാ ജോണറുകളിലൂടെയും സഞ്ചരിക്കുന്ന ചിത്രം ഒരു വേറിട്ട അനുഭവം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *