വിൻറ്റേജ് ജയറാമേട്ടൻ്റെ ഗംഭീര തിരിച്ചു വരവ് തിയേറ്ററിൽ കയ്യടി നേടി ലോനപ്പൻ !! ലോനപ്പൻ്റെ മാമോദിസ റിവ്യൂ വായിക്കാം

ജയറാം നായകനായി എത്തിയ ലോനപ്പന്റെ മാമോദീസ ഒരുക്കിയിരിക്കുന്നത് പ്രശസ്ത രചയിതാവും സംവിധായകനുമായ ലിയോ തദേവൂസ് ആണ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പെൻ ആൻഡ് പേപ്പർ ഫിലിമ്സിന്റെ ബാനറിൽ ഷിനോയ് മാത്യു ആണ്.പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായി എത്തുന്ന ചിത്രം കൂടിയാണ് ഇത്.

സ്വന്തമായി ഒരു വാച്ച് കട നടത്തുന്ന ലോനപ്പൻ എന്ന് പേരുള്ള ഒരു കഥാപാത്രത്തെ ആണ് ജയറാം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നതു. ജീവിതത്തിൽ വലിയ ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഇല്ലാത്ത ലോനപ്പൻ , ഒരു ദിവസം താൻ പണ്ട് പഠിച്ച സ്കൂളിലേക്ക് പോവുകയാണ് , അവിടെന്ന് അയാളുടെ ലൈഫ് മാറുകയാണ് , ഈ സിനിമയിലെ ഏറ്റവും മികച്ച മൂഹൂർത്തങ്ങളാണ് ആ സ്കൂൾ സീനിലെ പിന്നീട് , സരസനായ ലോനപ്പന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ലോനപ്പന്റെ കുടുംബ ജീവിതവും ഈ ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായക പങ്കു വഹിക്കുന്നു.

വളരെ രസകരമായ ഒരു മികച്ച വിനോദ ചിത്രമാണ് ലിയോ തദേവൂസ് എന്ന സംവിധായകൻ നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു. പച്ചമരത്തണലിൽ, പയ്യൻ, ഒരു സിനിമാക്കാരൻ എന്നീ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ലോനപ്പന്റെ മാമോദീസ എന്ന് പറയാം. പ്രേക്ഷകന്റെ മനസ്സുമായി കണക്ട് ചെയ്യാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തെ ഒരു വിജയമാക്കുന്നതു. മികച്ച തിരക്കഥയുടെ ലാളിത്യവും അതേസമയം തന്നെ അതിന്റെ ആഴവും ഒട്ടും നഷ്ടപ്പെടാതെ തന്നെ ഒരു ദൃശ്യ ഭാഷയൊരുക്കി നമ്മുടെ മുന്നിലെത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വൈകാരിക രംഗങ്ങളും ഒപ്പം രസകരമായ മുഹൂർത്തങ്ങളും ഒരുപാടുള്ള ഈ ചിത്രത്തിൽ , മേൽ പറഞ്ഞത് പോലെ ഒരു ശരാശരി മലയാളിക്ക് സ്വന്തം ജീവിതം തന്നെ കാണാൻ കഴിയുന്നു എന്നതാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നതും മറ്റുള്ളവയിൽ നിന്നൊക്കെ വേറിട്ട് നിർത്തുന്നതും. വളരെ വിശ്വസനീയവും രസകരവുമായ കഥാ സന്ദർഭങ്ങളും, സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. ആക്ഷേപ ഹാസ്യവും ശുദ്ധ ഹാസ്യവും വളരെ മികച്ച രീതിയിൽ ഈ ചിത്രത്തിൽ ഇടകലർത്തിയിട്ടുണ്ട്.

നാടൻ ലുക്കിൽ ജയറാമിന്റെ ഉഗ്രൻ തിരിച്ചു വരവ് തന്നെ ആയിരുന്നു ലോനപ്പൻ. ഇപ്പോഴും തന്റെ കഴിവിലും ജനപ്രീതിയിലും യാതൊരു കുറവും വന്നിട്ടില്ലെന്ന് തീയേറ്ററുകളിൽ കയ്യടികൾ കാട്ടി തരുന്നു.
ലോനപ്പന്റെ പെങ്ങന്മാരായി എത്തിയ നിഷ സാരങ്, ശാന്തി കൃഷ്ണ തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ച വച്ചു. ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, അലൻസിയർ എന്നിവരും തങ്ങളുടെ ഭാഗം മനോഹരമാക്കി.എവിടെയോ നഷ്ടപ്പെട്ട മലയാളികളുടെ തനി നാടൻ ശൈലി തിരിച്ചു വന്ന പ്രതീതി ആയിരുന്നു ലോനപ്പന്റെ മാമോദീസ കണ്ടിറങ്ങുമ്പോൾ ലഭിച്ചത്. ഓർമകൾ പൊടി തട്ടിയെടുക്കാനും മനസ്സ് തുറന്നു ചിരിക്കുവാനും ലോനപ്പനും കുടുംബവും മലയാളി പ്രേക്ഷകർക്ക് നല്ലൊരു ഓപ്‌ഷൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *